വളരെ തിരക്കേരിയ ദിനമായിരുന്ന ഇന്ന് 3 പരിപാടികള്‍ ഞങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ശ്രീ ഹിരണിന്റെ വീട്ടില്‍ വച്ചു KSEB ആലത്തൂര്‍ ഡിവിഷനിലെ ശ്രീ ബാബു ആന്റണി, ശ്രീ ഷംസുദ്ദീന് എന്നിവരെ കണ്ടുമുട്ടി.
ഞങ്ങളുടെ ഇന്നത്തെ ആദ്യത്തെ പരിപാടി PMG ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശ്രീ ജയരാജ് (IT @ School-ന്റെ പാലക്കാട് മാസ്റ്റര്‍ ട്രയ്നിംഗ് കോ- ഓര്‍ഡിനേറ്റര്‍) കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തില്‍ ഒരുക്കിയിരുന്ന സ്വീകരണമായിരുന്നു. ഞങ്ങളുടെ ആശയങ്ങളും വീക്ഷണങ്ങളുമെല്ലാം അവരുമായി പങ്കുവയ്ക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. നല്ലൊരു തുടക്കമായിരുന്നു ഇന്നത്തെ ദിവസം.
അവിടെ നിന്നു നേരെ ഞങ്ങള്‍ പോയത് പാലക്കാട് പബ്ലിക് ലൈബ്രറിയിലേക്കാണ്. അവിടെ പബ്ലിക് ലൈബ്രറി ജില്ലാതല കാര്യാദര്ശിയെയും, മറ്റുദ്യോഗസഥരെയും കാണാന്‍ കഴിഞ്ഞു. കൂടാതെ മുന്‍ അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ ശ്രീമതി പാര്‍വതി വാര്യരെയും കണ്ടുമുട്ടി. അവരുമായുള്ള കൂടികാഴ്ചയ്ക്കു ശേഷം ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളിലും സ്വതന്ത്ര സോഫ്റ്റ് വേയര്‍ അടിസ്ഥാന സോഫ്റ്റ് വേയര്‍ ആയി ഉപയോഗിക്കുന്നതിന് വേണ്ട തീരുമാനം അടുത്ത കമ്മിറ്റി മീറ്റിംഗില്‍ വയ്ക്കാന്‍ അവര്‍ തീരുമാനിച്ചു.
അവിടെ നിന്നു ഞങ്ങള്‍ മേഴ്സികോളേജിലേക്കു തിരിച്ചു. ശ്രീ ഹിരണിന്റെ അമ്മ ശ്രീമതി രോഹിണി മലയാളം അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ആ കോളേജിലും ഞങ്ങള്‍ക്കു പരിപാടി ഉണ്ടായിരുന്നു. ശ്രീമതി രോഹിണി ടീച്ചറും കമ്പ്യൂട്ടര്‍ വിഭാഗം മേധാവി സിസ്റ്റര്‍ അഖിലയും ചേര്‍ന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ലേഡീസ് കോളേജിലെ പെണ്മനസ്സുകളെ മാനിച്ചു ചെറിയും അനൂപും ബര്‍മുഡയില്‍ നിന്നും മുണ്ടിലേക്കു മാറിയിരുന്നു. പൊതുജന സമ്മതിയുള്ള ഷോട്സ് ധരിച്ചുകൊണ്ട് അവര്‍ ക്യാമ്പസിനുള്ളില്‍ കയറിയെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പിന്നീടത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഷോട്സിനു മേല്‍ മുണ്ടും ധരിച്ചുകൊണ്ടുള്ള നടത്തം പ്രശസ്ത മലയാള സിനിമ 'സ്ഫടികത്തിലെ ആടുതോമ' യ്കുള്ള സമര്‍പ്പണം പോലെ തോന്നി. വളരെ ഔദ്യോഗികതയോടെ ആംഗല ഭാഷയില്‍ പരിപാടി തുടങ്ങിയെങ്കിലും സൂരജ് മലയാളത്തില്‍ സംഭാഷണം തുടര്‍ന്നപ്പോള്‍ ആ ഫോര്മാലിറ്റിയൊക്കെ അപ്രത്യക്ഷമായിരുന്നു. മൊത്തത്തില്‍ , ഞങ്ങള്‍ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച്, ഒരു പരിധിവരെ പ്രേക്ഷകരില്‍ എത്തിക്കുവാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം.
അധികം വൈകാതെ ഞങ്ങള്‍ ആലത്തൂരിലേക്കു തിരിച്ചു. KSEB - ക്കാര് ഞങ്ങള്‍ക്കു വിശ്രമ സ്ഥലം ഒരുക്കിയിരുന്ന തൃശ്ശൂരിലേക്കുള്ള കൈവഴിയായിരുന്നു അത്. ആ നടപ്പാത ഞങ്ങളെ കൊണ്ടെത്തിച്ചത് കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 47- ലേക്കാണ്. ആ പാതയിലൂടെ നടക്കുമ്പോള്‍ ദുഷ്കരമായ രണ്ടു കാര്യങ്ങളാണ് അവിടെ മനസ്സിലാക്കാനായത്. വശങ്ങളിലെ സ്ഥല പരിമിതി മൂലം കാല്‍നടക്കാര്‍ക്കായുള്ള പാതയില്‍ യെല്ലോ ലൈന്‍ അഥവാ മഞ്ഞ വര ഉണ്ടായിരുന്നില്ല. അതേ സമയം വടക്കന്‍ കേരളത്തിലെ പാതയോരങ്ങളില്‍ അതു നന്നായി ചെയ്തിട്ടുണ്ടായിരുന്നു. പേമാരി കോരിച്ചൊരിയുന്ന സമയമായിരുന്നിട്ടും ട്രാഫിക് അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. കൂടാതെ പേടിപ്പെടുത്തുന്ന തരത്തിലുള്ള വാഹനത്തിന്റെ വേഗതയും. ഞങ്ങള്‍ പലപ്പോഴും വാഹനത്തിനടിയിലായിപ്പോകുമോ എന്നു ഭയന്ന നിമിഷങ്ങളുണ്ടായി.നഗരത്തിലെ പ്രധാന നഗരത്തിലെ വീധിയായിരുന്നിട്ടും, പൊതുജനങ്ങള്‍ക്കു ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം ഗതാഗത രീതികള്‍ മാറ്റിയാല്‍ കുറച്ചുപേരുടെ എങ്കിലും ജീവന് രക്ഷിക്കാന്‍ കഴിയുമെന്നതില്‍ സംശയം ലേശമില്ല.
ആലത്തൂരില്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്ന ഞങ്ങളെ ശ്രീ ഷംസുദ്ദീന് KSEB ഓഫീസിലേക്കു വിശ്രമത്തിനായി കൂട്ടിക്കൊണ്ടു പോയി. പണ്ടെപ്പൊഴോ ഒരു സുന്ദരഭവനമായിരുന്നതാവണം ഇന്നത്തെ ഓഫീസെന്നു തോന്നി. അവിടത്തെ ജീവനക്കാര്‍ ഞങ്ങളെ നന്നായി പരിപാലിച്ചു. ഒരുപാടു ദൂരം നടന്നതിനാല്‍ ഞങ്ങള്‍ വളരെ വേഗം വിശ്രമത്തിനായി പോയി.
ഇന്ന് പദയാത്രയില്‍ പങ്കെടുത്തവര്‍.
അനൂപ് ജോണ്‍
പ്രസാദ് എസ് ആര്
സൂരജ് കെ
ചെറി ജി മാത്യു
ബാബു ആന്റണി
ഹിരണ്‍ വി
ഷംസുദ്ദീന്
Post new comment