Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 31 - അറക്കുളം മുതല്‍ പൈനാവ് വരെ

day31-150x150.JPGന്നു ഏറെ ദൂരം നടക്കാനുള്ളതുകൊണ്ടു St. Mary's കത്തോലിക്ക ദേവാലയത്തില്‍ നിന്നും ഞങ്ങള്‍ പെട്ടന്ന് ഇറങ്ങി. യാത്ര അശോകന്‍ കവലയില്‍ നിന്നു ഇടത്തേയ്ക്കു തിരിഞ്ഞ ഉടനെ തന്നെ ഇറക്കം തുടങ്ങി. ആദ്യം ഉണ്ടായിരുന്ന ചെറിയ ഇറക്കം പിന്നീട് കുത്തനെ ആയതു കാരണം ഞങ്ങള്‍ വല്ലാതെ വിയര്‍ത്തു. സമയം വൈകുന്നേരം ആറര ആയപ്പൊഴേക്കൂം വെളിചം വീണിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഇടവഴി തേടി. ആദ്യം കണ്ട വഴി തന്നെ ഞങ്ങളെ ഇടുക്കി മലനിരകളിലുള്ള പന്ത്രണ്ടു ചുരങ്ങള്‍ എളുപ്പത്തല്‍ കടക്കാന്‍ സഹായിച്ചു.

ഗുരുതിക്കുളത്ത് എത്തിയ ഞങ്ങള്‍ അവിടെ ഉള്ള ഒരു ചായ പീടികയില്‍ നിന്നു പ്രഭാത ഭക്ഷണം കഴിച്ചു.സാധാരണയിലും ഇരട്ടി വലിപ്പം ഉള്ള ഗ്ലാസില്‍ ആണ് ചായ കിട്ടിയത്. അനൂപ് ആ സമയം ചിലന്തി വലയില്‍ ഇരിക്കുന്ന ചിലന്തികളുടെ ചിത്രം എടുക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു. അദ്ദേഹം ഞങ്ങള്‍ക്കു പുതിയ ഇനം ചിലന്തികളെ പരിചയപ്പെടുത്തി. ഞങ്ങള്‍ അനൂപില്‍ ഒരു ജീവജാലവിദഗ്ദനെ കണ്ടു.

ഒമ്പതാമത്തെ ചുരം എത്തിയപ്പൊഴേക്കും ഞങ്ങള്‍ സ്വല്പം ഒന്നു വഴി മാറി കാതൊലിക്ക വിശ്വാസികളുടെ വിശുദ്ധ മലയായ തുംബ്ബിച്ചി മലയിലേക്കു കയറി. ആ മലയുടെ മുകളില്‍ നിന്നുള്ള കാഴ്ച്ച അതിമനോഹരമായിരുന്നു. അല്പ സമയത്തിനു ശേഷം ഞങ്ങള്‍ അല്പം കൂടി മുകളില്‍ ഉള്ള നാടുകാണി എന്ന സ്ഥലത്തുള്ള KSEB ഓഫീസിലെത്തി.

അവിടെ നിന്നും പുറപ്പെട്ട ഞങ്ങള്‍, അധികം വൈകാതെ കുളമാവ് എന്ന ചെറിയ സ്ഥലത്തെത്തി. അവിടെ നിന്നു വഴി രണ്ടായി തിരിഞ്ഞു. ഇടത്തേയ്ക്കുള്ള വഴി ഇടുക്കി മെയിന്‍ റിസര്‍വോയറിനു വേണ്ടിയുള്ള ചെറിയ അണക്കെട്ടുകളുടെ തീരത്തുള്ള ഒരു കോളനിയിലെക്കുള്ളതായിരുന്നു. വലത്തേയ്ക്കുള്ള വഴി ഇടുക്കിയുടെ ജില്ലയുടെ തലസ്ഥാനമായ പൈനാവിലേക്കും ഉള്ളതായിരുന്നു. കുളമാവില്‍ നിന്നും ഊണു കഴിച്ച ശേഷം ഞങ്ങള്‍ പൈനാവിലേക്കു യാത്ര തുടര്‍ന്നു. കാട്ടിലൂടെയുള്ള ഈ യാത്രയുടെ മൊത്തം ദൂരം 22 കി.മി. ആണ്.

കാടിനുള്ളിലൂടെ നീങ്ങുമ്പോള്‍ ഉച്ചവെയിലില്‍ ഇടുക്കി ജലാശയത്തിലെ ഓളങ്ങള്‍ ഇളംനീല നിറത്തില്‍ കാണപ്പെട്ടു. ഉയരം കൂടുന്നതിനൊപ്പം അന്തരീക്ഷത്തില്‍ തണുപ്പ് കൂടുതല്‍ തോന്നിക്കുകയും കാടിന്റെ വന്യത കൂടുതലായി അനുഭവപ്പെടുകയും ചെയ്തു. ഞങ്ങള്‍ക്കു മുമ്പെ കടന്നുപോയവരുടെ കാല്പാടുകള്‍ ഉണ്ടായിരുന്ന ആ കാട്ടുവഴി ഒരു ആളൊഴിഞ്ഞ ബസ് സ്റ്റോപ്പില്‍ ചെന്നവസാനിച്ചു. അവിടെ പായലും തുരുമ്പും കൊണ്ടു മൂടിയ ഒരു ഗേറ്റിനു താഴെ ഒരു നെയ്ത്തുകാരി താന്‍ നെയ്തുണ്ടാക്കിയ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തിങ്ങിനിറഞ്ഞ കാടിനുള്ളിലെ ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദത്തെ കീറിമുറിക്കാന്‍ വല്ലപ്പൊഴും അതു വഴി കടന്നു പോകുന്ന വാഹനത്തിനേ കഴിയുമായിരുന്നുള്ളു.

ഉച്ചയായപ്പോഴേക്കും ഞങ്ങള്‍ കുറച്ചു ഫോട്ടോ എടുക്കാന്‍ തീരുമാനിച്ചു. റോഡിന്റെ വശത്തായി അനൂപ് ഫോട്ടോ എടുക്കാന്‍ പറ്റിയ ഒരു സ്ഥലം കണ്ടു പിടിച്ചു. ഉടനെ തന്നെ അനിമല്‍ പ്ലാനറ്റില്‍ കാണുന്ന steve Irvin നെ പോലെയും Austin Steven നെ പോലെയും അനൂപ് ചിന്തിച്ചു. "ഇത് പാമ്പുകള്‍ ഉള്ള പ്രദേശമാണ്" എന്ന് പറഞ്ഞുകൊണ്ടു അനൂപ് കരിയിലകള്‍ക്കിടയില്‍ കൂടി നടന്നു. പായലും വള്ളികളും മറ്റും അവിടെ കുറവായിരുന്നു. കാടിന്റെ ആ ഭാഗത്ത് നനവും ഉണ്ടായിരുന്നു. റോഡിന്റെ വശത്തായി ഒരു അഴുകി തുടങ്ങിയ ഒരു മരക്കഷണം കിടക്കുന്നത് കണ്ടു. ഫോട്ടോ എടുത്തതിനു ശേഷം സൂക്ഷിച്ചും ശ്രദ്ധിച്ചും ഞങ്ങള്‍ അനൂപിനെ പിന്തുടര്‍ന്ന് നടന്നു. "ഉദാഹരണത്തിന് ഈ മരക്കഷണം ഉച്ചഭക്ഷണത്തിന് ശേഷം പാമ്പുകള്‍ക്ക് മയങ്ങാന്‍ നല്ല സ്ഥലമാണ്‌" അനൂപ് തുടര്‍ന്നു. ആ തടിയില്‍ സൂക്ഷിച്ചു നോക്കി കൊണ്ടു അനൂപ് ചോദിച്ചു, "ചെറി, ആ കിടക്കുന്നത് ഒരു പാമ്പാണോ.?". ഒരു മനുഷ്യന്‍റെ മുഷ്ടിയോളം വലുപ്പമുള്ള ഒരു കറുത്ത തലയും...രണ്ടു തിളങ്ങുന്ന കണ്ണുകളും...!!!! ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു.

ഉച്ചയായപ്പോഴേക്കും ഞങ്ങള്‍ ഒന്നുകൂടി ജാഗ്രതയോടെ നീങ്ങി. വന്യജീവികളെ വീട്ടിലിരുന്നു ആനിമല്‍ പ്ലാനറ്റ്, ഡിസ്കവറി ചാനല്‍ തുടങ്ങിയ ചാനലുകള്‍ കണ്ടു ശീലമുള്ള ഞങ്ങള്‍ പക്ഷെ അവയുടെ താമസസ്തലത്തു കൂടിയുള്ള യാത്ര ഭയാനകമായി അനുഭവപ്പെട്ടു. കാട്ടിലെ ഏറ്റവും പേടിക്കേണ്ട ജീവി കാട്ടാനയാണ്. ഒറ്റയാന്‍ എങ്ങാനും അതുവഴി വരുമോ എന്ന് ഞങ്ങള്‍ ഭയന്നു. ഞങ്ങള്‍ എത്ര ശ്രദ്ധിച്ചു നടന്നിട്ടും നനവുള്ള പാറമേല്‍ ഇരുന്ന ഒരു ഞണ്ടിനെ അല്ലാതെ മറ്റൊന്നിനെയും കാണാന്‍ കഴിഞ്ഞില്ല. അനൂപിന് കാട്ടിലൂടെ യാത്ര ചെയ്തു പരിചയമുള്ളതുപോലെ തോന്നി. കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ട അനൂപ് ഞങ്ങളോട് സൂക്ഷിച്ചു നടക്കാന്‍ നിര്‍ദേശിച്ചു. ഭാഗ്യവശാല്‍ ആനയെ ഒന്നും കണ്ടില്ല. എന്നാല്‍ ആനയുടെ സാന്നിധ്യം ഉറപ്പുവരുത്തും വിധം.. അവിടം ആനപ്പിന്ണ്ട്താല്‍ നിറഞ്ഞിരുന്നു. അത് ആനയുടെ കക്കൂസ് ആണോ എന്ന് വരെ ഞങ്ങള്ക്ക് തോന്നിപ്പോയി.

അല്പസമയത്തിനുള്ളില്‍ ഒരു വാഹനം ഞങ്ങളുടെ അടുത്ത് വന്നു നിന്നു. അതിനുള്ളില്‍ നിന്നും മുന്‍ MLA ആയ ശ്രീ. പി. ടി. തോമസ് ഞങ്ങളെ ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ യാത്രയുടെ ഉദ്ദേശവും ലക്ഷ്യവും അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. കൂടാതെ അദ്ദേഹത്തോടൊപ്പം നിന്നു ഞങ്ങള്‍ കുറച്ചു ഫോട്ടോകളും എടുത്തു. അതുവഴി അപൂര്‍വ്വം കടന്നു പോയ ചില ട്രക്കര്‍ വാഹനത്തിലെ യാത്രക്കാരും ഞങ്ങളോട് കാര്യങ്ങള്‍ തിരക്കി.

സമയം വൈകി. നേരം ഇരുട്ടാറായി. ഞങ്ങള്‍ എത്ര വേഗതയില്‍ നടന്നിടും കാട് കടക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇരുട്ട് വീണാല്‍ പിന്നെ കാട്ടില്‍ നില്ക്കാന്‍ ഞങ്ങളില്‍ ആര്‍ക്കും തന്നെ ധൈര്യം ഇല്ലായിരുന്നു. ഇന്നൊരു ദിവസം ഞങ്ങള്‍ 40 KM നടന്നു. ഞങ്ങളെല്ലാവരും ആകെ തളര്‍ന്നിരുന്നു. പതുക്കെ പതുക്കെ നടന്ന് ഞങ്ങള്‍ പൈനാവിലെത്തി. ഇടുക്കിയുടെ തലസ്ഥാനമാണ്‌ പൈനാവ്. സൂരജ് ഉടന്‍ തന്നെ ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. ചെറി നിശബ്ദനായിരുന്നു. അനൂപ് തന്റെ തളര്‍ന്ന പാദങ്ങളുമായി നടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഞങ്ങളുടെ ടോര്‍ച്ചിന്റെ നേരിയ വെളിച്ചത്തിലും അതുവഴി കടന്നു പോയ മറ്റു വാഹനങ്ങളുടെ വെളിച്ചത്തിലും ഞങ്ങള്‍ പതുക്കെ മുന്നോട്ട് നടന്നു നീങ്ങി. അങ്ങനെ ഒടുവില്‍ ഞങ്ങള്‍ കാട് കടന്ന് പൈനാവില്‍ എത്തി. അവിടെ സിവില്‍ സ്റ്റേഷനില്‍ ഞങ്ങള്‍ അല്പം വിശ്രമിച്ചു. അവിടുള്ള ഒരു ചെറിയ ഹോട്ടലില്‍ നിന്നും അത്താഴം കഴിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു അധ്യാപകരെ പരിചയപ്പെട്ടു. ഒരാള്‍ ഇടുക്കി എന്‍ജിനീയറിങ്ങ് കോളേജിലെയും മറ്റൊരാല്‍ വാഴക്കുളം വിശ്വ ജ്യോതി എന്‍ജിനീയറിങ്ങ് കോളേജിലെയും അധ്യാപകനായിരുന്നു. ഞങ്ങള്‍ക്ക് അനൂപിന്റെ സുഹൃത്തായ ശ്രീജിത്ത് അദ്ദേഹത്തിന്റെ സുഹൃത്തായ അനില്‍ വഴി PWD റെസ്റ്റ് ഹൗസില്‍ താമസം ഒരുക്കിയിരുന്നു. രാത്രിയില്‍ അവിടെ എത്തി കിടക്കയില്‍ കിടന്നത് മാത്രമേ ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ.

day31-thumbnail.JPG
Freedom Walk Day 31 Photo Gallery

പദയാത്രയില്‍ പങ്കെടുത്തവര്‍
മൂവര്‍സംഘം

കടന്നു പോയ സ്ഥലങ്ങള്‍:
ഗുരുതിക്കുലം
കരിപ്പലങ്ങാട്‌
അയ്യംകാട്
പൂത്തെടം (നാടുകാണി)
മീന്‍മുട്ടി
പൈനാവ്

താണ്ടിയ ദൂരം : 42 KM

Reply

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options