Skip to Content

സ്വാതന്ത്ര്യ പദയാത്ര: ദിവസം 1 - കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ

ഇന്നു രാവിലെ 7:25നു ഞങ്ങള്‍ കാസര്‍കോഡ് എത്തി. ഞങ്ങളോടൊപ്പം ഈ പദയാത്രയില്‍ പങ്കെടുക്കാനെത്തിയ സൂരജിനെ ഇവിടെ വെച്ചാണു കണ്ടു മുട്ടിയത്. കോഴിക്കോട് സ്വതന്ത്രസോഫ്റ്റ്‌വേയര്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മയിലെ അംഗങ്ങളില്‍ പ്രധാനിയായ 'അസെന്റ് എഞ്ചിനിയേഴ്സി'ലാണ് സൂരജ് ജോലി നോക്കുന്നത്. സ്വതന്ത്രസോഫ്റ്റ്‌വേര്‍ രംഗത്ത് പ്ര്വവര്‍ത്തിക്കുന്ന ശ്രീ. രഞ്ജിത്ത് ( സിസ്റ്റം അഡ്മിനിസ്റ്റ്രേറ്റര്‍, വൈദ്യുതി ബോര്‍ഡ് ) റയില്‍വേ സ്റ്റേഷനിലില്‍ നിന്നും ഞങ്ങളെ കൊണ്ടുവരാനായി ഒരു കാര്‍ ഏര്‍പ്പാടാക്കിയെങ്കിലും ഞങ്ങള്‍ അത് നന്ദിപൂര്‍വ്വം നിരസിക്കുകയാണുണ്ടായത്. എന്തു വന്നാലും ഇനി മുതല്‍ നടപ്പു തന്നെ എന്നു തീരുമാനിച്ചതിന്റെ ഫലമായിരുന്നു അത്. ഈ തീരുമാനം പ്രശ്നങ്ങളുണ്ടാക്കുമെന്ന് പിന്നീടാണ് ഞങ്ങള്‍ക്ക് മനസ്സിലായത്.

ഏതാണ്ട് രണ്ടു കി.മി ദൂരെയുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിലേക്കും , അവിടെ നിന്ന് മുനിസിപ്പല്‍ ബസ് സ്റ്റാന്റിലേക്കും ഞങ്ങള്‍ നടന്ന് എത്തിയപ്പോഴേക്കും അവിടെ സംഘടിപ്പിച്ചിരുന്ന പൊതുയോഗവും അതോടനുബന്ധിച്ചുള്ള മാധ്യമ ശ്രദ്ധയും ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു. നേരത്തെ ആ കാറില്‍ കേറി വന്നിരുന്നെങ്കില്‍ നമുക്ക് ഇതു സംഭവിക്കില്ലായിരുന്നു. എന്തായാലും മുനിസിപ്പാലിറ്റി ചെയര്‍പേഴ്സ്ണുമായും മറ്റ് കൌണ്‍സലര്‍മാരുമായുമുള്ള ഒരു ചെറുസംഭാഷണത്തിനു ശേഷം ഞങ്ങള്‍ തിരിച്ചു. ചെയര്‍പേഴ്സ്ണ്‍ തന്നെയാണ് ഫ്രീഡംവാക്ക് ഫ്ളാഗോഫ് ചെയ്തത്. ഇതിനിടെ നേരത്തെയുള്ള പരിപാടിക്കായി എത്തിയിരുന്ന രണ്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു.

അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചശേഷം ഏതാണ്ട് പത്തരയോടെ ഞങ്ങള്‍ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. ഏതാണ്ട് 5 കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോല്‍ ഞങ്ങള്‍ മേല്‍പറമ്പ് എന്ന സ്ഥലത്തെത്തുകയും അവിടെ വെച്ച് കുറച്ച് സ്ക്കൂള്‍വിദ്യാര്‍ത്ഥികളെ പരിചയ്പ്പെടുകയും കുറച്ചു സമയം അവരോടൊത്ത് ചിലവഴിക്കുകയും ചെയ്തു. അവര്‍ ഞങ്ങളെ അവരുടെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടത്തെ അധ്യാപകര്‍ക്ക് ഞങ്ങളെ പരിചയപ്പെടുത്തി. അവിടെയുള്ള ഐ.റ്റി അധ്യാപകന്‍, സ്വതന്ത്രസോഫ്റ്റ്‌വേറിനെക്കുറി
ച്ചും ഐ.റ്റി യെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. ഇവിടെ ഒരു സ്വതന്ത്രസോഫ്റ്റ്‌വേര്‍ കൂട്ടായ്മയില്ലെന്നതും ഇന്റര്‍നെറ്റോ കമ്പ്യൂട്ടറോ പോലും മിക്കവര്‍ക്കും ഇല്ലെന്നുള്ളതും ദു:ഖകരം തന്നെ.

അവിടെ നിന്നും ഞങ്ങള്‍ കലനാട്, ഉദുമ, പാലക്കുന്നു വഴി തൃക്കണ്ണാവ് എത്തിയ ശേഷം ഞങ്ങള്‍ കടല്‍തീരം വഴി യാത്ര ചെയ്യാന്‍ തീരുമാനിച്ചു. ഇതിനിടെ ഉച്ചഭക്ഷനണം കഴിക്കാന്‍ ഞങ്ങള്‍ മറന്നില്ല :). ബീച്ച് നേരെ ബേക്കല്‍ കോട്ടയിലാണ് ഞങ്ങളെ കൊണ്ടെത്തിച്ചത്. ആള്‍ക്കാര്‍ ബീച്ച് ഒരു പൊതുകക്കൂസ് ആയി ഉപയോഗിക്കുന്ന ഏര്‍പ്പാടില്ലായിരുന്നുവങ്കില്‍ തീര്‍ച്ചയായും വളരെ നല്ല ഒരു അനുഭവമായേനെ ആ നടത്തം. പരിസരവും നാടും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് ഒരു ബോധവല്കരണം ഈ പ്രദേശത്ത് ആവശ്യമാണെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ഈ നടത്തയില്‍ രസകരമായി ഞങ്ങള്‍ക്ക് തോന്നിയ് ഒരു കാര്യം ഇതാണ് - നാലു കിലോമീറ്റര്‍ മുന്‍പു തന്നെ ബേക്കല്‍ കോട്ട കണ്ടു തുടങ്ങിയിരുന്നുവങ്കിലും അതു അടുക്കുന്തോറും അകലുന്നതായാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. കോട്ടയിലെത്തിയപ്പോള്‍ അതിന്റെ വലിപ്പം കൊണ്ടാണ് ഞങ്ങള്‍ക്ക് ഇങ്ങനെ തോന്നിയത് എന്നു മനസ്സിലായി.

ബേക്കലില്‍ നിന്നും ചായക്കു ശേഷം ഞങ്ങള്‍ പള്ളിക്കര,പൂച്ചക്കാട്, മാണിക്കോത്ത് മടിവയല്‍ വഴി കാഞ്ഞങ്ങാട് എത്തിയപ്പോഴേക്കും രാത്രി എട്ടരയായിരുന്നു. ഇതു വലിയ ഒരു അബദ്ധമായിപ്പോയി. അവിടെ 5 മണിക്ക് ഞങ്ങള്‍ക്കു വേണ്ടി വിളിച്ചുകൂട്ടിയിരുന്ന ഒരു മീറ്റിങ്ങ് ഇതു കാരണം നഷ്ടമായി. എങ്കിലും ഞങ്ങള്‍ക്ക് ആ മീറ്റിങ്ങിന്റെ സംഘാടകരില്‍ രണ്ട് പേരെ പരിചയ്പ്പെടാന്‍ കഴിഞ്ഞു- വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്യുന്ന ശ്രീ രഞ്ജിത്തിനെയും അദ്ദേഹത്തിന്റെ കൂട്ടുകാരനെയും. അവരോടൊത്ത് അത്താഴമുണ്ട ശേഷം കാസര്‍ഗോട് ഒരു സ്വതന്ത്രസോഫ്റ്റ്‌വേര്‍ സമൂഹം ഉണ്ടാക്കാന്‍ ഇനി എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചും , സ്വതന്ത്രസോഫ്റ്റ്‌വേര്‍ , സമൂഹത്തിന്റെ നല്ല ദിശയിലേക്കുള്ള പ്രയാണത്തെ സഹായിക്കുന്നതിനെക്കുറിച്ചും ഒക്കെ ഞ്ങ്ങള്‍ ചര്‍ച്ച ചെയ്തു.

ആ ചര്‍ച്ച വളരെ ഫലവത്തായ ഒന്നാണെന്ന് ഞങ്ങള്‍ക്കു തോന്നിയെങ്കിലും അതിനു മുന്നെയുണ്ടായിരുന്ന മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് ഒരു വലിയ നഷ്ടം തന്നെ. ഞങ്ങള്‍ ദൂരം കണക്കാക്കിയതിലെ തെറ്റു തന്നെയായിരുന്നു അത്. ഈ ദൂരം ഞങ്ങള്‍ അളന്നത് ഗൂഗിള്‍ മാപ്പ് വഴിയും ഒരു സാധാരണ ഭൂപടത്തില്‍ നിന്നും ആണ്. പക്ഷെ ഇത്ര ചെറിയ ദൂരങ്ങള്‍ അളക്കാന്‍ ഇവ പര്യാപ്തമല്ല എന്നു ഞങ്ങള്‍ മനസ്സിലാക്കി. ഫ്രീഡംവാക്കിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന നിങ്ങളുടെ കൂട്ടായ്മ ഞങ്ങളുടെ പദ്ധതികള്‍ പരിശോധിച്ച് അവയിലെ തെറ്റുകള്‍ തിരുത്തുമെന്ന് ഞ്ങ്ങള്‍ പ്രതേക്ഷിക്കുന്നു.

പി ഡബ്ളിയു ഡി ഗസ്റ്റ് ഹൌസില്‍ ആണ് രഞ്ജിത്ത് താമസസൌകര്യം ഒരുക്കിയിരുന്നത് . ഒരു 12 മണിയോടുകൂടെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു . നാളെ ചെറുവത്തൂര്‍ വരെ നടക്കാനാണ് ഞങ്ങളുടെ പരിപാടി. അത് ഇവിടെ നിന്നും ഏതാണ്ട് 15 കിമി അകലെയാണ്. സൂരജിന്റെ വീടും അവിടെയാണ് . നാളെ അധികം ദൂരം നടക്കാതിരിക്കുകയാണ് ബുദ്ധി എന്നു തോന്നുന്നു. കാലില്‍ ഇത്രയധികം പേശികള്‍ ഉണ്ടെന്ന് ഞ്ങ്ങള്‍ ഇന്നാണ് അറിഞ്ഞത് :). കൂടാതെ പ്രധാന റൂട്ടില്‍ നിന്നും മാറി ഒന്നു രണ്ടു സ്കൂളുകള്‍ ഉണ്ട്. ചേറുവത്തൂരില്‍ തന്നെ ഒരു മീറ്റിങ്ങും .

ആദ്യത്തെ ദിവസം അപ്പോള്‍ ഇത്രയൊക്കെയെ ഉള്ളു. നമ്മള്‍ കൂടെ കൊണ്ടു വന്ന EVDOക്ക് ഇവിടെ റേഞ്ച് ഇല്ലാത്തതു കൊണ്ട് ഒരു GPRS കണക്ഷനെ ആശ്രയിച്ചാണ് ഞങ്ങള്‍ ഈ റീപ്പോര്‍ട്ട് അയക്കുന്നത് . GPRS ന് സ്പീഡ് ഇല്ലാത്തത് കൊണ്ട് ഫോട്ടോകള്‍ ഒന്നും അയക്കാന്‍ പറ്റുന്നില്ല. പ്രധാന നഗരങ്ങളില്‍ കൂടെ ഉള്ള സഞ്ചാരത്തിനിടയില്‍ ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരില്ല എന്നു പ്രതീക്ഷിക്കുന്നു.

Reply

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options