ശ്രീ ഗോപിദാസിന്റെ ഭവനത്തില്‍ നിന്നും ലഭിച്ച ആതിഥ്യം മരുഭൂമിയിലെ മരുപ്പച്ചപോലെയാണ് ഞങ്ങള്‍ക്കനുഭവപ്പെട്ടത്. 36 മണിക്കൂര്‍ നീണ്ടു നിന്ന പദയാത്രയ്ക്കു ശേഷം കൊച്ചു കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍ തളര്‍ന്നുറങ്ങി. അദ്ദേഹത്തിന്റെ ഭാര്യ വിളമ്പിയ രുചികരമായ ഭക്ഷണവും കുടുംബം പകര്‍ന്നു നല്കിയ സ്നേഹവും ഞങ്ങളുടെ തളര്‍ന്ന ഹൃദയങ്ങള്‍ക്ക് മേല്‍ തൈലം പുരട്ടുന്ന പോലെയായിരുന്നു. അവിടെ വച്ചു അനൂപ് ബാല്യകാല സുഹൃത്തായ അനീഷിനെ കണ്ടുമുട്ടി.
അവിടെ നിന്നും അന്നു ആദ്യത്തെ പരിപാടി ക്രമീകരിച്ചിരുന്ന കോട്ടയം M G യൂണിവേഴ്സിറ്റിയിലേക്കാണ് ഞങ്ങള്‍ പോയത്. ഗോപിദാസിന്റെ ഭവനത്തിലെ പ്രഭാതഭക്ഷണം ഞങ്ങളുടെ പാദങ്ങള്‍ക്കു ചടുല വേഗത നല്കി. അനൂപിന്റെ കുട്ടിക്കാലം അവിടെയായിരുന്നതിനാല്‍ വഴി നല്ല നിശ്ചയമായിരുന്നു. അതുകൊണ്ടു തന്നെ പെട്ടന്ന് ലക്ഷ്യസ്ഥാനത്തെതാനായി കുറുക്കുവഴികള്‍ താണ്ടി അതിവേഗത്തില്‍ നടന്നുകൊണ്ടിരുന്നു. അവിടെ മുമ്പൊരിക്കലും കാണാത്ത ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത് അവിടത്തെ എല്ലാ കള്ളു ഷാപ്പുകളിലെയും പെയിന്റിന്റെ നിറം പച്ചയായിരുന്നു എന്നുള്ളതാണ്. അതുപോലെ മലബാറിന്റെ പ്രദേശങ്ങളില്‍ തിളക്കമുള്ള പെയിന്റടിച്ച ചില വീടുകളും ഞങ്ങള്‍ കണ്ടിരുന്നു. വേറൊരിടത്തും കാണാത്തത്ര ആക്രികടകള്‍ ഇവിടെയുണ്ടെന്നുള്ളതും എടുത്തു പറയത്തക്ക മറ്റൊരു സവിശേഷതയാണ്.
അവിടന്ന് നീങ്ങി ഒരു റബ്ബര്‍ തോട്ടത്തിനു നടുവിലൂടെ യാത്ര ചെയ്യുമ്പോള്‍ റബ്ബര്‍ പാല് ശേഖരിക്കുന്ന ഒരു ജോലിക്കാരനെ കണ്ടു. അവരോട് സംസാരിച്ചു കൊണ്ടു നില്ക്കുമ്പോള് മോട്ടോര്‍ സൈക്കിളില്‍ വന്ന പോലീസ് പട്രോള്‍ അവിടെ നിര്‍ത്തി ഞങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ആവുന്നത്ര വിശദീകരിച്ചെങ്കിലും ഒരു പോലീസിന് അതത്ര വിശ്വാസ യോഗ്യമായി തോന്നിയില്ല. ഞങ്ങളുടെ ഐഡന്റിറ്റി കാര്‍ഡുകളും മറ്റു രേഖകളും പരിശോധിച്ചശേഷം അവര്‍ ഞങ്ങളെ വിട്ടയച്ചു. കുറച്ചു മുന്‍പ് തദ്ദേശവാസികളിലൊരാള്‍ ബൈക്ക് നിര്‍ത്തി സംശയപൂര്‍വ്വം സംസാരിച്ചത് അന്നേരം ഞങ്ങളുടെ ഓര്‍മ്മയില്‍ ഓടിയെത്തി. ഒരു പക്ഷെ അദ്ദേഹമാവണം ഞങ്ങളെക്കുറിച്ച് പോലീസിനെ അറിയിച്ചത്.
ഈ സമയം അനൂപിന്റെ കാലുകള്‍ വേദനിക്കാന്‍ തുടങ്ങിയിരുന്നു. ഇന്നലത്തെ 80 കി. മീ. നടന്നതിന്റെ അനന്തരഫലം കണ്ടു തുടങ്ങിയിരിക്കുന്നു. അയര്‍കുന്നത്തുള്ള അനൂപിന്റെ ഒരു ബന്ധു വീട്ടില്‍ നിന്നും ഉച്ച ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എം ജി സര്‍വകലാശാലയിള്‍ ഇത്താന് ഇനിയും 20 കി. മീ. സഞ്ചരിക്കണം. പക്ഷെ ഈ അവസ്ഥയില്‍ അനൂപ് നടന്നാല്‍ അവിടെ നടക്കുവാനിരിക്കുന്ന സെമിനാറില്‍ പങ്കെടുക്കുവാന്‍ സമയത്ത് എത്തിച്ചേരില്ല എന്ന് വളരെ ഉറപ്പായിരുന്നു. അതിനാല്‍ ചെറിയും സൂരജും ആ സെമിനാറില്‍ പങ്കെടുത്തിട്ട് കോട്ടയത്തെത്താനും അതെ സമയം അനൂപ് അവിടെ പങ്കെടുക്കാതെ നേരിട്ട് കോട്ടയത്തെത്താനും തീരുമാനിച്ചു. അനൂപിനെ ഒഴിവാക്കുന്നത് ദു:ഖകരമായിരുന്നെങ്കിലും വേറേ നിവൃത്തിയില്ലായിരുന്നു.
അനൂപിനെ വിട്ട ശേഷം ചെറിയും സൂരജും വളരെ വേഗത്തില്‍ യാത്ര ആരംഭിച്ചു. ശരാശരി മണിക്കൂറില്‍ 6 കി. മീ. വേകതയില്‍ നടന്ന അവര്‍ വൈകുന്നേരം ഏതാണ്ട് 4 മണിയോടുകൂടി M G സര്‍വകലാശാല വളപ്പിലെത്തി. അത്യാകര്‍ഷകമായ പരിപാടി ആയിരുന്നു M G യൂണിവേഴ്സിറ്റിയിലേത്. സെമിനാര്‍ ഹാളില്‍ സകല വിധ ആധുനിക സൗകര്യങ്ങളും ഉണ്ടായിരുന്നു. പ്രൊജെക്ട് സ്ക്രീന്‍, സുഖകരമായ ഇരിപ്പിടങ്ങള്‍, ശീതീകരിച്ച മുറി എന്നിവ അതിലുണ്ടായിരുന്നു. ഞങ്ങളുടെ സ്ഥിരം ദിനചര്യ തന്നെ അവിടെയും ആവര്‍ത്തിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങള്‍, സ്വതന്ത്ര സോഫ്ട് വേയര്‍, ജോലി സാധ്യതകള്‍ മുതലായവയായിരുന്നു ചര്‍ച്ചാ വിഷയങ്ങള്‍. പ്രേക്ഷകരിലധികവും പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലുള്ളവരായിരുന്നു. പ്രവൃത്തി സമയം കഴിഞ്ഞിട്ടും അവര്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
യോഗത്തിനു ശേഷം സംഘാടകരുമായി സംസാരിക്കുന്നതിന് ഞങ്ങളെ ലാബിലേക്കു കൂട്ടികൊണ്ടു പോയി. അവിടെ നിന്നും കോട്ടയത്തേക്കുള്ള ദൂരം ഏകദേശം 16 കി. മീ. ആയിരുന്നു. അനൂപ് അവിടെ എത്താറായി എന്നറിഞ്ഞ് ഞങ്ങള്‍ വേഗത്തില്‍ നടന്നു തുടങ്ങി.
വൈകുന്നേരമായപ്പോള്‍ അനൂപ് മനോജച്ചായന് സ്നേഹത്തോടെ വിളിക്കുന്ന മനോജ് പി വര്‍ഗ്ഗീസിനെ കണ്ടു. അദ്ദേഹത്തിന്റെ വീട്ടിലാണ് ഞങ്ങള്‍ക്ക് അന്നത്തെ താമസ സൗകര്യം ഒരുക്കിയിരുന്നത്. മനോജിന്റെ വീട്ടുകാര്‍ വളരെ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചു.
Freedom Walk Day 35 Photo Gallery
ഇന്നത്തെ പദയാത്രക്കാര്‍
ത്രിമൂര്‍ത്തികള്‍
സഞ്ചരിച്ച സ്ഥലങ്ങള്‍
വാഴൂര്‍
കൊടുങ്ങൂര്‍
പള്ളിക്കത്തോട്
അയര്‍ക്കുന്നം
ഏറ്റുമാനൂര്‍ (ചെറി, സൂരജ്)
അതിരമ്പുഴ (ചെറി, സൂരജ്)
ദൂരം - 36 കി മീ
Post new comment