Skip to Content

സ്വാതന്ത്ര്യ പദയാത്ര ദിവസം 2: കാഞ്ഞങ്ങാട് മുതല്‍ ചെറുവത്തൂര്‍ വരെ

day02-150x150.jpgരാവിലെ 8.45 ആയപ്പോഴേക്കും ഞങ്ങള്‍ PWD ഗസ്റ്റ് ഹൗസില്‍ നിന്നും പുറപ്പെട്ടു. കാഞ്ഞങ്ങാട് താലുക്ക് ഓഫീസിനടുത്തുള്ള വസന്ത ഭവന്‍ എന്നു പേരുള്ള ഒരു ഹോട്ടലില്‍ നിന്നും ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിച്ചു. നാടന്‍ ഭക്ഷണമായ അവലും കറിയും രുചികരമായിരുന്നു. ഭക്ഷണത്തിന് നന്നേ വിലക്കുറവ് തോന്നിച്ചു. ഞങ്ങള്‍ അവിടെ കയറിയതിന്റെ തെളിവിനായി കുറച്ചു ഫോട്ടോകളും എടുത്തു.

ഞങ്ങള്‍ യാത്ര തുടര്‍ന്ന്. അടുത്ത പട്ടണത്തില്‍ എത്തുന്നതിനു മുന്‍പ്. ഞങ്ങള്‍ ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് നിര്‍മിച്ച ഒരു കോട്ട കാണാനിടയായി. ആ കാലത്തു നിര്‍മ്മിച്ച ഒരു അമ്പലവും ഞങ്ങള്‍ കണ്ടു. കോട്ടയുടെ അടുത്തുകൂടിയുള്ള ഒരു നാട്ടുവഴിയിലൂടെ ഞങ്ങള്‍ നടന്നു. കുറെ പാടങ്ങള്‍ കടന്നു ആ വഴി വിണ്ടും മെയിന്‍ റോഡില്‍ ചെന്നെത്തി.

അതിന് ശേഷം ഞങ്ങള്‍ ഒരു പ്രാദേശിക വര്‍ത്തമാന പത്രത്തിന്റെ ഓഫീസിനു മുന്നിലെത്തി. അവിടുത്തെ ഒരു ലേഖകന് ഞങ്ങള്‍ ഞങ്ങളുടെ യാത്രയുടെ രൂപരേഖയും ഉദ്ദേശവും പറഞ്ഞു കൊടുത്തു. പിന്നെ ഞങ്ങള്‍ കൂവപ്പള്ളി, ഐങ്ങോത്ത് എന്നീ സ്ഥലങ്ങള്‍ കടന്നു പടനക്കാട്ടിലെത്തി.

വഴിമധ്യേ കണ്ട ഒരു ആയുര്‍വേദ അശ്രുപത്രിയില്‍ കയറി ഞങ്ങള്‍ കുറച്ചു മുറിവെണ്ണ വാങ്ങി. അത് ശരീരവേദനക്കും ഉളുക്കിനും മറ്റും നല്ല മരുന്നാണ്. അവിടുത്തെ ഡോക്ടര്‍ ഞങ്ങളുടെ യാത്രയെ പറ്റി ചോദിച്ചറിഞ്ഞു. അദ്ദേഹം ഞങ്ങള്‍ക്ക് മരുന്ന് സൗജന്യമായി നല്കി. അപ്പോഴേക്കും ഞങ്ങളുടെ പക്കലുണ്ടായിരുന്ന ശുദ്ധജലം തിര്‍ന്നിരുന്നു. ഞങ്ങള്‍ തൊട്ടടുത്ത് കണ്ട വീട്ടിലേക്ക് ചെന്നു. അവര്‍ ഞങ്ങളെ സൗഹൃതപൂര്‍വം സ്വീകരിച്ചു. ഞങ്ങള്‍ക്ക് ആവശ്യത്തിനു കഞ്ഞിവെള്ളം കുടിക്കാന്‍ തന്നു. ഞങ്ങളുടെ പക്കലുണ്ടായിരുന്ന കുപ്പികളില്‍ കുടിക്കാനുള്ള വെള്ളവും നിറച്ചു തന്നു. മറ്റുള്ളവരെ സഹായിക്കാനും അവരോട് താല്പ്പര്യത്തോടെ പെരുമാറാനും അറിയാവുന്നവര്‍ ഇന്നും നമ്മുടെ സമുഹത്തില്‍ ഉണ്ടെന്നു ഞങ്ങള്‍ക്ക് തോന്നി. ഒരുപക്ഷെ ആ താല്‍പര്യം പ്രകടിപ്പിക്കാനുള്ള അവസരം നമ്മുടെ സമുഹത്തില്‍ കുറവായത് കൊണ്ടാകാം.

റോഡരികില്‍ മരം നടുന്നതിന്റെ ഗുണം ഒരുപക്ഷെ റോഡിലൂടെ നടക്കുന്നവര്‍ക്ക് മാത്രമെ മനസ്സിലാകൂ. പടന്നക്കാടേക്ക് പോകുന്ന വഴിയില്‍ നിഴലിന്റെ ഒരംശം പോലും കാണപ്പെട്ടില്ല എന്നാല് മെയിന്‍ റോഡിന്റെ വശങ്ങളില്‍ നിറയെ ആല്‍മരങ്ങള്‍ നിന്നിരുന്നു. ഈ അല്‍മരങ്ങള്‍ക്ക് അടുത്ത് നിന്നു ഞങ്ങള്‍ കുറച്ചു ഫോട്ടോകള്‍ എടുത്തു. ചില മരങ്ങള്‍ വളരെ വലുതായിരുന്നു. ഒരൊറ്റ ആല്‍മരത്തിന്റെ വേരുകള്‍ റോഡിന്റെ ഇരു വശത്തും പടര്‍ന്നിരുന്നു. വെയിലിനു കാഠിന്യം കൂടിയിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ദാഹജലമെല്ലാം തീര്‍ന്നിരുന്നു. ദാഹിച്ചു വലഞ്ഞ ഞങ്ങള്‍ ക്ഷീണം തീര്‍ക്കാനായി ഒരു പള്ളിയുടെ തണലില്‍ ആശ്രയം തേടി. ആ പള്ളിയിലെ പുരോഹിതന്‍ സ്നേഹപൂര്‍വം ഞങ്ങളുടെ കൈയ്യിലുള്ള കുപ്പികളില്‍ വെള്ളം നിറച്ചു തന്നു.

ഞങ്ങള്‍ പടന്നകാട് നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എത്തി. അവിടുത്തെ പ്രിന്‍സിപ്പല്‍ അന്നുച്ചയ്ക്കു കൂടുന്ന എന്‍.എസ്.എസ്. ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വരുന്ന അംഗങ്ങളെ പരിചയപ്പെടാന്‍ വേണ്ടി ഞങ്ങളോട് നില്‍ക്കാമോ എന്ന് ചോദിച്ചു. എന്നാല്‍ സമയം വൈകുമെന്നതിനാല്‍ ഞങ്ങള്‍ കുറച്ചു നേതാക്കളെ മാത്രം പരിചയപ്പെട്ടിട്ട് ഞങ്ങളുടെ യാത്ര തുടര്‍ന്നു

നെഹ്‌റു കോളേജിനോട് ചേര്‍ന്നുള്ള കാര്‍ഷിക സര്‍വകലാശാല വളപ്പിനു എതിര്‍വശത്തുള്ള ഒരു ഹോട്ടലില്‍ നിന്നും ഞങ്ങള്‍ ഊണ് കഴിച്ചു. ഊണിനു ശേഷം ഞങ്ങള്‍ കോളേജില്‍ ചെന്നു ഡീനിനെ കണ്ടു.ഡീന്‍ ഞങ്ങള്‍ക്ക് കോളേജിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കാണാനും സംസാരിക്കാനും അവസരം ഉണ്ടാക്കി തന്നു. പത്തോളം പേര്‍ ആ യോഗത്തില്‍ പങ്കെടുത്തു, അനൂപ് അവര്‍ക്ക്
ഞങ്ങളുടെ സ്വതന്ത്ര പതയാത്രയുടെ ഉദ്ദേശവും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഗുണങ്ങളും പറഞ്ഞു മനസ്സിലാക്കി. കൂടുതല്‍ സഹായം വേണമെന്നുള്ളവര്‍ക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ള സംഘടനയുണ്ടന്നും..അതിലെ അംഗങ്ങള്‍ സഹായിക്കാന്‍ സന്നദ്ധരാണെന്നും അറിയിച്ചു. ഡീനിനു ഈ ആശയം മനം കവരുന്നതായി തോന്നി..അദ്ദേഹം ഞങ്ങളോട് അതെ പറ്റി കൂടുതല്‍ പറഞ്ഞു കൊടുക്കാനും. ഫ്രീ സോഫ്റ്റ്‌വെയര്‍ ആയ GIS സോഫ്റ്റ്‌വേര്‍ പരിചയപ്പെടുത്താനും ആവശ്യപ്പെട്ടു.

അവിടെ നിന്നും ഞങ്ങള്‍ നടത്തം തുടര്‍ന്ന്. പള്ളിക്കര, കാര്യങ്കോട്, കൊവ്വല്‍ വഴി ചെരുവത്തൂരെത്തി. അപ്പോഴേക്കും സമയം രാത്രി 7.30 ആയിരുന്നു. ഞങ്ങളുടെ യാത്രിക്കിടയില്‍ പലരും ഞങ്ങളോട് ഞങ്ങളുടെ യാത്രയുടെ ഉദ്ദേശത്തെ പറ്റിയും ആവശ്യത്തെ പറ്റിയും ചോദിച്ചു. ചെറുവത്തൂര്‍ വെച്ചു ഞങ്ങള്‍ പരിചയപ്പെട്ട സല്‍മാനും, റാഫിയും സ്വതന്ത്ര സോഫ്ട് വെയറില്‍ തല്‍പ്പരരായിരുന്നു. ചെറുവത്തൂരില്‍ നിന്നും അത്താഴം കഴിച്ച ശേഷം ഞങ്ങള്‍ സുരജിന്റെ കുടുംബവീട്ടിലേക്ക് നീങ്ങി. ഇന്നു രാത്രി അവിടെയാണ് ഞങ്ങള്‍ താമസിക്കുന്നത്.

അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങള്‍ക്ക് വേണ്ടി ചില ഫോണുകള്‍ ചെയ്യുന്നതിനിടെ ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്വേറിനോട് താല്പര്യമുള്ള മറ്റൊരാളെ പരിചയപ്പെട്ടു - അഭിജിത്ത്. അഭിജിതും കാഞ്ഞങ്ങാടുള്ള ഇരുപതോളം ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍മാറും സ്വതന്ത്ര സോഫ്റ്റ്വേറിലേക്ക് മാറുന്നതില്‍ തല്‍പരരായിരുന്നു. ഇന്നത്തെ യാത്രക്കും യോഗങ്ങള്‍ക്കും ശേഷം ഞങ്ങള്‍ക്ക് തോന്നിയത്..കാസര്‍കോഡ് പുതിയ ഒരു ഫ്രീ സോഫ്ട് വെയര്‍ യുസര്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും എന്നാണ്.

day-2-thumbnail.jpg